രണ്ട് പേര്‍ തമ്മില്‍ 'സ്വപ്നങ്ങളിലൂടെ ആശയവിനിമയം' നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് ഗവേഷകര്‍

By: 600007 On: Oct 14, 2024, 4:33 PM

കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ റെംസ്പേസിലെ ഗവേഷകർ കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ശാസ്ത്രലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. രണ്ട് വ്യക്തികള്‍ അവരുടെ സ്വപ്നത്തിലൂടെ ആശയവിനിമയം നടത്തിയെന്നാണ് റെംസ്പേസിലെ ഗവേഷകർ അവകാശപ്പെട്ടത്. പ്രത്യേകം പരിശീലനം ചെയ്ത രണ്ട് വ്യക്തികൾ വ്യക്തമായ സ്വപ്നങ്ങൾ കാണുകയും അവ ലളിതമായ ഒരു സന്ദേശമായി പരസ്പരം കൈമാറുകയും ചെയ്തെന്നാണ് ഗവേഷകര്‍ അവകാശപ്പെട്ടത്. ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയെന്ന് അവകാശവാദവുമായി ഗവേഷകര്‍ രംഗത്തെത്തിയത്.  


അതേസമയം റെംസ്പേസിന്‍റെ പുതിയ ഗവേഷണത്തെ ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് അംഗീകാരം ലഭിച്ചാല്‍ ഉറക്ക ഗവേഷണത്തിന് ഇത് ഒരു പ്രധാന നാഴികക്കല്ലാകുമെന്ന് റെംസ്പേസിലെ ഗവേഷകർ കൂട്ടിച്ചേര്‍ക്കുന്നു. മാനസികാരോഗ്യ ചികിത്സയ്ക്കും നൈപുണ്യ പരിശീലനത്തിനും തങ്ങളുടെ സാങ്കേതികവിദ്യ മുതല്‍ക്കൂട്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.  ഉറക്കത്തില്‍ താന്‍ സ്വപ്നത്തിലാണെന്ന് ഒരു വ്യക്തി തിരിച്ചറിയുമ്പോൾ അവിടെ ഒരു പ്രത്യേക തരം സ്വപ്നാവസ്ഥ സംഭവിക്കുന്നു. യാതൊരു നിയന്ത്രണബോധവുമില്ലാതെ തന്‍റെ 'സ്വപ്ന ലോകവുമായി' ക്രമരഹിതമായി ഇടപഴകുന്നതിന് പകരം അവരുടെ സ്വപ്നങ്ങളിൽ സ്വയം നിയന്ത്രിത പ്രവർത്തനങ്ങൾ നടത്താൻ ഈ ബോധം അവരെ സഹായിക്കുന്നുവെന്നാണ് റെംസ്പേസ് അവകാശപ്പെടുന്നത്. 

സ്വപ്നങ്ങൾ സാധാരണയായി സംഭവിക്കുമ്പോൾ റാപ്പിഡ് ഐ മൂവ്മെന്‍റ് സ്ലീപ്പിൽ (Rapid eye movement sleep - REM Sleep) ഈ പ്രതിഭാസം സംഭവിക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്ക തരംഗങ്ങളും മറ്റ് ബയോളജിക്കൽ ഡാറ്റയും ട്രാക്ക് ചെയ്യുന്ന ഒരു ഉപകരണം റെംസ്പേസ് വികസിപ്പിച്ചെടുത്തിരുന്നു. പങ്കെടുക്കുന്നവർ വ്യക്തമായ സ്വപ്നങ്ങളിൽ പ്രവേശിക്കുമ്പോള്‍ അതിനെ കണ്ടെത്തുന്ന ഒരു 'സെർവറും' ഈ ഉപകരണത്തില്‍ ഉൾപ്പെടുന്നു. എന്നാല്‍ ഈ ഉപകരണം ഏതാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.